IGPWN നയങ്ങൾ

Version -2 Date 14 sept. 2020

IGPWN നയങ്ങൾ

 സ്ത്രീകളും ലിംഗസമത്വ നയവും   

ഓഗസ്റ്റ് 14, 2020

 ആമുഖം 

 പുരുഷാധിപത്യ മേധാവിത്വം കാരണം പണ്ടുമുതലേ സ്ത്രീകൾക്കെതിരെ വിവേചനം നിലവിലുണ്ടായിരുന്നു.  നിരവധി അന്താരാഷ്ട്ര കൺവെൻഷനുകൾ ഉണ്ടായിരുന്നിട്ടും ഇത് ഇന്നും പ്രചാരത്തിലുണ്ട്.  ലോകമെമ്പാടും, പ്രത്യുത്പാദന അവകാശങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇപ്പോഴും സ്ത്രീകളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും തുല്യ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടെങ്കിലും, സാമ്പത്തിക ഫല പ്രാപ്തിയിൽ പുരുഷന്മാർ ഉയർന്ന തോതിലുള്ള സ്വാധീനം ആസ്വദിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അവർ രാഷ്ട്രീയത്തിൽ കൂടുതൽ പ്രതിനിധീകരിക്കപ്പെടുന്നു. സാംസ്കാരിക നേതാക്കൾ, കായിക താരങ്ങൾ  എന്നിവരിലധികവും പുരുഷന്മാർ തന്നെ.

 കാഴ്ചപ്പാട് 

 ഈ അസമത്വം പരിഹരിക്കുക എന്നത് ഒരു രാഷ്ട്രീയ ലക്ഷ്യം പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണ്.ഗ്ലോബൽ ഗ്രീൻസിന്റെ  ചാർട്ടറുമായി യോജിച്ചും പ്രത്യേകിച്ചു  സാമൂഹ്യനീതിയുടെ തത്വത്തിലും ആഗോള ഗ്രീന്സിന്റെ കാഴ്ചപ്പാട് ഇപ്രകാരമാണ്:

 എല്ലാ ആളുകളുകൾക്കും  തുല്യത

 രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക,സാംസ്കാരിക വിവേചനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം

 മനുഷ്യന്റെ അന്തസ്സിനുള്ള അവകാശം

 സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക മേഖലകളിലേക്ക് തുല്യമായ പ്രവേശനം, പങ്കാളികളാകാനുള്ള  കഴിവ്

 രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക, സാമ്പത്തിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യ പ്രാതിനിധ്യവും തീരുമാനമെടുക്കൽ പ്രക്രിയകളിൽ പങ്കാളിത്തവും

 വിദ്യാഭ്യാസം, ആരോഗ്യം, ലൈംഗിക സ്വത്വം, പുനരുൽപാദനം എന്നിവയെക്കുറിച്ച് അവബോധമുള്ള  തിരഞ്ഞെടുപ്പുകൾ നടത്താൻ എല്ലാ ആളുകൾക്കും അവകാശമുണ്ടായിരിക്കണം

 പ്രധാന തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം

 തുല്യ മൂല്യമുള്ള ജോലികൾക്ക് തുല്യ വേതനം

 സ്ത്രീകൾ ചെയ്യുന്ന ശമ്പളമില്ലാത്ത തൊഴിലുകളുടെ മൂല്യം തിരിച്ചറിയൽ

 നേരിട്ടുള്ളതും, പരോക്ഷവുമായ വ്യവസ്ഥാപരമായ വിവേചനം, ഉപദ്രവം, ഭയം, അക്രമം, ദുരുപയോഗം എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യം

 എല്ലാ നയങ്ങളിലും  നിയമനിർമ്മാണത്തിലും ലിംഗസമത്വം മുഖ്യധാരയിലെത്തിക്കുക 

 ലക്ഷ്യങ്ങൾ

 അതിനാൽ, ഹരിത പ്രവർത്തകർ ഇനി പറയുന്ന ലക്ഷ്യങ്ങൾക്കായി  പ്രവർത്തിക്കും:

 നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുരുഷാധിപത്യത്തിന്റെ അടിച്ചമർത്തലിൽ നിന്നുള്ള സ്വാതന്ത്ര്യം

 എല്ലാ സ്ത്രീകളുടെയും ശബ്ദങ്ങളും കാഴ്ചപ്പാടുകളും കേൾക്കുന്ന ഒരു സമൂഹം കൈവരിക്കുന്നതിനായി സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിന് രാഷ്ട്രീയ പ്രക്രിയകളുടെ പരിഷ്കരണം സുഗമമാക്കുക.

 പുരുഷന്മാരുടെയും സ്ത്രീകളുടെയും സമത്വം കൈവരിക്കുന്നതിന് സമൂഹത്തിലും കുടുംബത്തിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും പരമ്പരാഗത കടമാ മാതൃകകൾ  മാറ്റുക

 സ്ത്രീകളുടെ  നിയമപരമായ ശേഷി പുരുഷന്മാരുടേതിന് തുല്യമാണെന്നും ആ ശേഷി പ്രയോഗിക്കാൻ സമാനമായ  അവസരങ്ങളുണ്ടെന്നും ഉറപ്പാക്കുക

 സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക തുല്യത ഉറപ്പാക്കുന്നു

 പ്രവർത്തന പദ്ധതി

 അതിനാൽ, ഹരിത പ്രവർത്തകർ  ചെയ്യേണ്ടത്:

 വിവേചനത്തിനെതിരെ

  സ്ത്രീകളോടുള്ള എല്ലാ വിവേചനവും തടയുന്നതിന് ഉചിതമായ നിയമ,  നിയമനിർമ്മാണ ചട്ടക്കൂടുകളും മറ്റ് നടപടികളും സ്വീകരിക്കുക

 സ്ത്രീകളോട്  വിവേചനം  കാണിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിലോ പ്രവർത്തനത്തിലോ ഏർപ്പെടുന്നതിൽ നിന്ന്  വിട്ടുനിൽക്കുകയും പൊതു അധികാരികളും സ്ഥാപനങ്ങളും ഈ കർത്തവ്യത്തിന്  അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക

 സ്ത്രീകൾക്കെതിരായ വിവേചനം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്ത വിവിധ ശക്തികളെ വെല്ലുവിളിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുക 

 സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യത പ്രോത്സാഹിപ്പിക്കുന്നതിന് തുല്യതയും നീതിയും അടിസ്ഥാനമാക്കി ഒരു പുതിയ സാമ്പത്തിക ക്രമം സ്ഥാപിക്കുക

 എല്ലാ തരത്തിലുമുള്ള വംശീയത, വംശീയ വിവേചനം, സ്ത്രീകൾക്കെതിരെയുള്ള  ആക്രമണം എന്നിവ ഇല്ലാതാക്കുക

 പ്രസവത്തിന്റെ സാമൂഹിക പ്രാധാന്യവും കുടുംബത്തിലും  കുട്ടികളെ വളർത്തുന്നതിലും  മാതാപിതാക്കളുടെ പങ്കും തിരിച്ചറിയുക 

 കുട്ടികളെ വളർത്തുന്നതിന് പുരുഷന്മാരും സ്ത്രീകളും സമൂഹവും മൊത്തത്തിൽ ഉത്തരവാദിത്തം പങ്കിടേണ്ടതുണ്ട്, കൂടാതെ പ്രത്യുൽപാദനത്തിലുള്ള  സ്ത്രീകളുടെ പങ്ക് വിവേചനത്തിന് അടിസ്ഥാനമാകരുത്. 

 പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തുല്യത സാധ്യമാകുന്നതിനായി പരമ്പരാഗത മാതൃകകളായി  കണക്കാക്കപ്പെടുന്ന നിലവിലെ അടിച്ചമർത്തൽ ഘടനകൾ മാറ്റുക.

 രാഷ്ട്രീയ അവകാശങ്ങൾ

 രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കുക

 വോട്ടുചെയ്യാനും പൊതുസ്ഥാനം വഹിക്കാനും പൊതു പ്രവർത്തനങ്ങൾ നടത്താനുമുള്ള അവകാശം ഉറപ്പ് നൽകുക

 അന്താരാഷ്ട്ര തലത്തിൽ സ്ത്രീകൾക്ക് അവരുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് തുല്യ അവകാശങ്ങൾ ഉറപ്പാക്കുക

 രാജ്യത്തിന്റെ പൊതു-രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട സംഘടനകളിലും അസോസിയേഷനുകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കുക

 ഉന്നത തലങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുക

 സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ പ്രാതിനിധ്യം ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  സ്ത്രീകൾക്ക് ആവശ്യമായ  സ്ഥലങ്ങളിൽ സംവരണം  ഏർപ്പെടുത്തുക 

 നയ വികസനം 

 സർക്കാർ നയങ്ങൾ രൂപീകരിക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക

 വിവിധ തലങ്ങളിലുള്ള  സ്ത്രീകളുമായുള്ള വിശാലമായ കൂടിയാലോചനയെ അടിസ്ഥാനമാക്കി ലിംഗസമത്വത്തിനായി ഒരു കർമപദ്ധതി വികസിപ്പിക്കുക, സർക്കാർ മുൻഗണനകൾ പദ്ധതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക

 രാഷ്ട്രീയ പാർട്ടികളിലും പാർലമെന്റിലും സ്ത്രീകളുടെ അംഗത്വ ശതമാനം ഉയർത്തുന്നതിന്  ലക്ഷ്യമിടുക

 പൊതുസേവനത്തിലും സീനിയർ മാനേജ്‌മെന്റ് സ്ഥാനങ്ങളിലും സ്ത്രീകളുടെ ജോലി പ്രാതി നിധ്യ  ശതമാനം കൂട്ടുന്നതിന്  ലക്ഷ്യമിടുക

 വിദ്യാഭ്യാസം

 എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കുക

 വിദ്യാഭ്യാസ രംഗത്ത് പുരുഷന്മാരുമായി തുല്യ അവകാശം ഉറപ്പാക്കുന്നതിന് സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കുക

 അദ്ധ്യാപകരിലും  വിദ്യാർത്ഥികളിലും  ലിംഗ വിവേചന വിരുദ്ധമായ  മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള  പാഠ്യപദ്ധതികൾ, വിദ്യാ ബോധന രീതികൾ, അധ്യാപക പരിശീലന പരിപാടികൾ എന്നിവ വികസിപ്പിക്കുക

 ആരോഗ്യം

 എല്ലാ ജീവിത ഘട്ടങ്ങളിലും സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നത് ഉൾപ്പെടെ സാമൂഹ്യാധിഷ്ഠിത സ്ത്രീ ആരോഗ്യ, ലൈംഗികാ രോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക

 സൗജന്യവും സുരക്ഷിതവുമായ ഗർഭാവസ്ഥ, പ്രസവാവധി, പ്രസവം, ബാല്യകാല സേവനങ്ങൾ എന്നിവ ലഭ്യമാക്കുക, ഗാർഹിക ജനനത്തിനും മിഡ്വൈഫ് അധിഷ്ഠിത സേവനങ്ങൾക്കുമുള്ള പിന്തുണ ഉൾപ്പെടെ ലഭ്യമായ തിരഞ്ഞെടുക്കാവുന്ന പരിചരണ സാധ്യതക ളെക്കുറിച്ച് സ്ത്രീകളെ മുൻ‌കൂട്ടി അറിയിക്കുക.

 നിർബന്ധിത വന്ധ്യംകരണം നിയമവിരുദ്ധമാക്കുന്ന നിയമനിർമ്മാണം നടത്തുക, സ്ത്രീ പരിച്ഛേദനയും  സ്ത്രീ ജനനേന്ദ്രിയത്തെ വികലപ്പെടുത്തുന്നതും  തടയുന്ന നിയമനിർമ്മാണം നടപ്പിലാക്കുക

 വിവാഹവും കുടുംബബന്ധങ്ങളും

 വിവാഹത്തിൽ പ്രവേശിക്കുന്നതിന് പുരുഷന്മാർക്ക് സമാനമായ  അവകാശങ്ങൾ സ്ത്രീകൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക, അവരുടെ സ്വതന്ത്രവും പൂർണ്ണവുമായ സമ്മതത്തോടെ മാത്രം വിവാഹ ബന്ധത്തിൽ പ്രവേശിക്കാമെന്നും  വിവാഹത്തിലും അത് വേർപെടുത്തുന്നതിലും  ഒരേ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അവർക്ക് ഉണ്ടെന്നും ഉറപ്പാക്കുക 

 കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, വൈവാഹിക നില പരിഗണിക്കാതെ, മാതാപിതാക്കൾ എന്ന നിലയിൽ തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുക; എല്ലാ സാഹചര്യങ്ങളിലും കുട്ടികളുടെ താൽപ്പര്യങ്ങൾ പരമപ്രധാനമായിരിക്കും.

 രക്ഷാകർതൃത്വം, വാർഡ്‌ഷിപ്പ്, ട്രസ്റ്റിഷിപ്പ്, കുട്ടികളെ ദത്തെടുക്കൽ, അല്ലെങ്കിൽ ദേശീയ നിയമ നിർമ്മാണത്തിൽ ഈ ആശയങ്ങൾ നിലനിൽക്കുന്ന സമാന സ്ഥാപനങ്ങൾ എന്നിവയിൽ തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുക; എല്ലാ സാഹചര്യങ്ങളിലും കുട്ടികളുടെ താൽപ്പര്യങ്ങൾ പരമപ്രധാനമായിരിക്കും.

 കുടുംബ നാമം, തൊഴിൽ, എന്നിവ തിരഞ്ഞെടുക്കാനുള്ള അവകാശം ഉൾപ്പെടെ ഭാര്യാഭർത്താക്കന്മാർക്ക് സമാനമായ വ്യക്തിപരമായ അവകാശങ്ങൾ ഉറപ്പാക്കുക

 ദേശീയ പൗരത്വം നേടുന്നതിനോ മാറ്റുന്നതിനോ നിലനിർത്തുന്നതിനോ പുരുഷന്മാരുമായി തുല്യ അവകാശങ്ങൾ ഉറപ്പാക്കുക

 ലൈംഗിക,  പ്രത്യുൽപാദന ആരോഗ്യം

 എല്ലാ സ്ത്രീകൾക്കും ഗർഭനിരോധനത്തിനുള്ള മാർഗ്ഗങ്ങൾ സൗജന്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുക

 എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം ലഭ്യമാക്കുക

 ലൈംഗിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ പരിപാടികൾ, കുടുംബാസൂത്രണ സേവനങ്ങൾ എന്നിവയ്ക്ക് ധനം സമാഹരിക്കുക 

 ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം പരിരക്ഷിക്കുന്നതിനും ഗർഭച്ഛിദ്രം നിയമ വിധേയമാക്കുന്നതിനും പിന്തുണ നൽകുക,  ഗർഭം  അവസാനിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും  തുല്യമായി ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമ്മാണത്തിനുള്ള അവകാശത്തെയും  പിന്തുണയ്ക്കുക.

അക്രമവും സ്ത്രീ സുരക്ഷയും 

സ്ത്രീകളെ ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അക്രമത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ട നിയമ നിർമ്മാണങ്ങൾ ശക്തിപ്പെടുത്തുകയും അക്രമത്തെയും പീഡനത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക 

ഗാർഹികവും കുടുംബപരവുമായ അക്രമം പരിമിതപ്പെടുത്തുന്നതിനും നേരിടുന്നതിനുമുള്ള നിയമ നിർമ്മാണം 

ലൈംഗിക പീഡനത്തിന്റെ ഇരകളുടെ ആവശ്യങ്ങൾ നീതിന്യായ വ്യവസ്ഥ അനുഭാവപൂർവം പരിഗണിക്കുന്നുവെന്നു ഉറപ്പു വരുത്തുക 

സ്കൂൾ, കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലിംഗ സമത്വ ബോധവത്കരണത്തിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക 

സ്ത്രീ ശാക്തീകരണവും ലിംഗസമത്വ ബോധവത്കരണവും സംബന്ധിച്ച നയങ്ങളും പരിപാടികളും തമ്മിൽ പൊരുത്തമുണ്ടെന്ന് ഉറപ്പു വരുത്തുക

തൊഴിൽ 

തൊഴിൽ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുക 

ഒരേ തൊഴിലിന് സമാന വേതനം എന്ന തത്വം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക 

തൊഴിലെടുക്കാനുള്ള അവകാശം എല്ലാ മനുഷ്യരുടെയും ഒഴിച്ചുകൂടാനാവാത്ത ഒരവകാശമാണെന്ന് ഉറപ്പ്‌ വരുത്തുക

ലൈംഗിക തൊഴിലാളികൾ 

ലൈംഗിക തൊഴിലാളികൾ കൂടുതലും സ്ത്രീകളായതിനാൽ സ്ത്രീകളെ എല്ലാ തരത്തിലുമുള്ള മനുഷ്യക്കടത്തിന് വിധേയമാക്കുന്നതും ലൈംഗിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും തടയാൻ ഉചിതമായ നിയമ നിർമ്മാണമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക 

ലൈംഗിക തൊഴിൽ സിവിൽ നിയമത്തിന് അനുസൃതവും നിയന്ത്രിതവും ആക്കുന്നതിനെ പിന്തുണയ്ക്കുക

തദ്ദേശീയ ആദിവാസി സ്ത്രീകൾ 

സാമൂഹ്യ പാരിസ്ഥിതിക സാമ്പത്തിക പ്രശ്നങ്ങളിൽ തദ്ദേശീയ ആദിവാസി സ്ത്രീകളുടെ നേതൃത്വം അംഗീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അവരോടൊപ്പം പ്രവർത്തിക്കുക, അതോടൊപ്പം തദ്ദേശീയ ആദിവാസി സ്ത്രീകളെയും  മുഖ്യധാരാ സമൂഹത്തിലെ സ്ത്രീകളെയും തമ്മിൽ വേർതിരിക്കുന്ന സാമൂഹ്യ സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ പരിപാടികളും നയങ്ങളും നടപ്പാക്കുക. 

ആരോഗ്യം വിദ്യാഭ്യാസം എന്നിവയിലും മറ്റു മേഖലകളിലും സർക്കാർ നയങ്ങൾ തദ്ദേശീയ ആദിവാസി സ്ത്രീകളുടെ ക്ഷേമം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

 ഗ്രാമീണ സ്ത്രീകൾ 

ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകളുടെ നിയമ പരിരക്ഷ പ്രയോഗത്തിൽ വരുത്തുന്നുവെന്ന് ഉറപ്പാക്കുക 

ഗ്രാമ വികസന പരിപാടികളിൽ സ്ത്രീകളുടെ പങ്കാളിത്ത വും അതിലൂടെ അവരുടെ പുരോഗതിയും ഉറപ്പ് വരുത്താൻ ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കുക

 സ്ത്രീകളുടെ ചിത്രീകരണം 

സ്ത്രീകളെ ബഹുമാനിക്കുന്നതും ശാക്തീകരിക്കുന്നതുമായ സന്ദേശങ്ങൾക്കും ചിത്രീകരണങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക 

പരസ്യങ്ങളിലും മറ്റ്‌ മാധ്യമങ്ങളിലും ഫാഷൻ വ്യവസായത്തിലും സ്ത്രീകളോട് ആദരവുള്ളതും ഗുണ പരവുമായ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിനെ പിന്തുണയ്ക്കുക, സ്ത്രീ ശരീരത്തിന്റെ ആകാര വൈവിദ്ധ്യം ആരോഗ്യകരവും സാധാരണവുമായി ചിത്രീകരിക്കുന്നതിന് വേണ്ടി വാദിക്കുക. 

മാധ്യമങ്ങളിലെ ലിംഗപരമായ വിവേചനത്തെ നേരിടുകയും സ്ത്രീകളുടെ മോശമായ ചിത്രീകരണം അവസാനിപ്പിക്കാൻ ഊർജ്ജിതമായി പ്രവർത്തിക്കുകയും ചെയ്യുക 

പരസ്യങ്ങളിൽ സ്ത്രീകളെ ലൈംഗിക ഭോഗ വസ്തുക്കളായി അവതരിപ്പിക്കുന്നതിനെയും ചൂഷണം ചെയ്യുന്നതിനെയും എതിർക്കുന്ന ബോധവത്കരണ പരിപാടികൾ പ്രോത്സാഹിപ്പിക്കുക

 സ്ത്രീകളും മാധ്യമങ്ങളും 

മാധ്യമങ്ങളിൽ സ്ത്രീകളെ നല്ല രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന ചട്ടങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുക 

സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ള നിഷേധാത്മക യാഥാസ്ഥിതിക മാതൃകകളെ ഉടച്ചു വാർക്കാൻ കഴിയുന്ന തരത്തിൽ ജനാധിപത്യ സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക